ഭക്തി‍മഹേശപദപുഷ്കരമാവസന്തീ
കാദംബിനീവ കുരുതേ പരിതോഷവര്‍ഷം |
സംപൂരിതോ ഭവതി യസ്യ മനസ്തടാക-
സ്തജ്ജന്മസസ്യമഖിലം സഫലം ച നാഽന്യത് || 76 ||

ഭക്തിഃ – ഭക്തിയെന്നത്; മഹേശപദപുഷ്കരം – ഈശ്വരന്റെ പാദമാകുന്ന ആകാശത്തില്‍; അവസന്തീ – വസിക്കുന്നതായി; കാദംബിനീ – ഇവ മേഘസമൂഹംപോലെ; പരിതോഷവര്‍ഷം – ആനന്ദമാകുന്ന മഴ; കുരുതേ – പൊഴിക്കുന്നു; യസ്യ മനസ്തടാകഃ – യാതൊരുവന്റെ മനസ്സാകുന്ന തടാകം; സംപൂരിതഃഭവതി – നിറയ്ക്കപ്പെട്ടതായിത്തീരുന്നുവോ; തജ്ജന്മസസ്യം – അവന്റെ ജന്മമാകുന്ന; സസ്യം അഖിലം സഫലം – ഫലത്തോടുകൂടിയതായി ഭവിക്കുന്നു; അന്യത് ച – മറ്റൊന്നുംതന്നെ; ന – അങ്ങിനെയായിത്തീരുന്നില്ല.

പ്രേമമയിയായ ഭക്തി ഭഗവത് പാദമാകുന്ന ആകാശത്തില്‍ സ്ഥിതിചെയ്തുകൊണ്ട് കാര്‍മേഘസമൂഹമെന്നപോലെ ആനന്ദവൃഷ്ടി ചൊരിയുന്നു. ഈ വര്‍ഷത്താ‍ല്‍ ഏതൊരുവ‍ന്‍ മനസ്സാകുന്ന തടാകം നിറയുന്നുവോ അവന്റെ ജന്മമാകുന്ന സസ്യം ഫലവത്തായി തീരുന്നു. അങ്ങിനെയല്ലാത്തവന്റെ ജന്മം നിഷ്പലം തന്നെ.

ബുദ്ധിഃസ്ഥിരാ ഭവിതുമീശ്വരപാദപദ്മ-
സക്താ വധൂര്‍വിരഹിണീവ സദാ സ്മരന്തീ |
സദ്ഭാവനാസ്മരണദര്‍ശനകീര്‍ത്തനാദി
സംമോഹിതേവ ശിവമന്ത്രജപേന വിന്തേ || 77 ||

വിരഹിണീ – (ഭര്‍ത്താവിനെ) വിട്ടുപിറിഞ്ഞ; വധുഃ ഇവ -കുലസ്ത്രീ യെന്നതുപോലെ; ഈശ്വരപാദപദ്മസക്താ – ഭഗവത് പദപങ്കജത്തി‍ല്‍ ആസക്തയായി; സദാ സ്മരന്തി -എല്ലായ്പോഴും അതിനെതന്നെ സ്മരിച്ചുകൊണ്ടിരിക്കുന്ന എന്റെ ബുദ്ധി; സമ്മോഹിതാ – ഇവ മോഹിക്കപ്പെട്ടതായിട്ട് എന്നതുപോലെ; സ്ഥിരാ ഭവിതും – സ്ഥിരയായിത്തന്നെ ഇരിക്കുവാന്‍വേണ്ടി; ശിവമന്ത്രജപേന – ശിവ,ശിവ എന്ന നാമജപംകൊണ്ട്; സദ്ഭാവനാസ്മരണദര്‍ശനകീര്‍ത്തനാദി – ഏകാഗ്രമായ ധ്യാനം, സ്മരിക്കല്‍‍, മനസ്സില്‍ ദര്‍ശിക്കുക, കീര്‍ത്തിക്കുക എന്നിവയെ; വിന്തേ – വിചാരിച്ചുകൊണ്ടിരിക്കുന്നു.

തന്റെ പ്രാണനാഥനോടു വേര്‍പിറിഞ്ഞ് അദ്ദേഹത്തെ തന്നെ സ്മരിക്കുന്ന പതിവ്രതാരത്നമെന്നപോലെ ഭഗവത്പാദപങ്കജങ്ങളില്‍ ആസക്തയായി അനുനിമിഷവും അവയെ തന്നെ അനുസ്മരിച്ചുകൊണ്ടിരിക്കുന്ന എന്റെ ബുദ്ധി സമ്മോഹിതയായിട്ടോ എന്നു തോന്നുമാറ്, സ്ഥൈര്‍യ്യമുള്ളതായി തീരുവാന്‍വേണ്ടി ശിവ, ശിവ എന്നു ജപിച്ചുകൊണ്ട് ഗുണഗണങ്ങളെ അനുസ്മരിക്കുകയും,കീര്‍ത്തിക്കുകയും ഒരു നോക്കു കാണ്മനെന്തുവേണ്ടു എന്നു വിചാരിക്കുകയും ചെയ്തുകൊണ്ടും കാലംകഴിക്കുന്നു.

സദുപചാരവിധിഷ്വനുബോധിത‍ാം
സവിനയ‍ാം സഹൃദയം സദുപാശ്രിത‍ാം |
മമ സമുദ്ധര ബുദ്ധിമിമ‍ാം പ്രഭോ
വരഗുണേന നവോഢവധൂമിവ || 78 ||

പ്രഭോ!സദുപചാരവിധിഷു – ഈശ്വര! സത്തായിരിക്കുന്ന പാദ ശുശ്രൂഷാ വിധികളില്‍; അനുബോധിത‍ാം – ശിക്ഷിക്കപ്പെട്ടതായും; സുഹൃദം – ശുദ്ധമനസ്സോടുകൂടിയതായും; സമുപാശ്രിത‍ാം – വഴിപോലെ ആശ്രയിക്കുന്നതായും; സവിനയം – വിനയത്തോടുകൂടിയതായും ഇരിക്കുന്ന; മമ ഇമ‍ാം – ബുദ്ധിം എന്റെ ഈ ബുദ്ധിയെ; വരഗുണേന – ഉത്തമഗുണങ്ങളുടെ ഉപദേശത്താല്‍ ‍; നവോഢവധൂംഇവ – പുതുതായി വിവാഹം കഴിഞ്ഞ വധുവിനെ എന്നതുപോലെ; സമുദ്ധര – ഉദ്ധരിച്ചാലും.

ഹേ പ്രഭോ! ഉല്‍കൃഷ്ടമായിരിക്കുന്ന പരിചാര്‍യ്യവിധികളെ നല്ലപോലെ അഭ്യസിച്ചിട്ടുള്ളതും വിനയത്തോടുകൂടിയതും പരിപാവനയുമായിരിക്കുന്ന എന്റെ ഈ ബുദ്ധിയെ പുതുതായി വിവാഹം കഴിഞ്ഞിരിക്കുന്ന ഗുണവിശിഷ്ടയായ പെണ്‍മണിയെയെന്നതുപോലെ സദുപദേശം ചെയ്തു ഉദ്ധരിച്ചാലും.

നിത്യം യോഗിമനഃ സരോജദലസഞ്ചാരക്ഷമസ്ത്വത്ക്രമഃ
ശംഭോ തേന കഥം കഠോരയമരാഡ്വക്ഷഃകവാടക്ഷതിഃ |
അത്യന്തം മൃദുലം ത്വദംഘ്രിയുഗളം ഹാ മേ മനശ്ചിന്തയ-
ത്യേതല്ലോചനഗോചരം കുരു വിഭോ ഹസ്തേന സംവാഹയേ || 79 ||

ശംഭോ! ത്വത്ക്രമഃ – ഹേ ഭഗവ‍ന്‍ ! അങ്ങയുടെ അടിവെപ്പ്; നിത്യം – എല്ലായ്പോഴും; യോഗിമനഃസരോജദളസഞ്ചാരക്ഷമഃ – യോഗികളുടെ മനസ്സാകുന്ന താമരയിതളുകളില്‍ നടന്നു പരിചയിച്ചതാണ് ; തേന – ആ കാല്‍വെപ്പുകൊണ്ട്; കഠോരയമരാഡ്വക്ഷഃകവാടക്ഷതിഃ – അന്തകന്റെ കഠിനമായ മാറിടമാകുന്ന വാതില്‍ ചവിട്ടിപ്പൊളിച്ചത്; കഥം – എങ്ങിനെ?; അത്യന്തം മൃദുളം – ഏറ്റവും മൃദുവായ; ത്വദംഘ്രിയുഗളം – നിന്തിരുവടിയുടെ കാലിണകളെ; മേ മനഃ ചിന്തയതി – എന്റെ മനസ്സ് സ്മരിക്കുന്നു; ഹാ വിഭോ! ഏതത് ഹേ സര്‍വ്വവ്യാപിന്‍ ! – ഈ പദയുഗളത്തെ; ലോചനഗോചരം – ദൃഷ്ടിക്കു വിഷയമാക്കി; കുരു – ചെയ്താലും; ഹസ്തേന -കൈകൊണ്ട്; സംവാഹയേ – ഞാ‍ന്‍ തലോടട്ടെ.

ഹേ ദേവ! യോഗികളുടെ മനസ്സാകുന്ന താമരയിതളുകളില്‍ നടന്നു പരിചയിച്ച സുകുമാരങ്ങളായ ആ കാലടികള്‍ കൊണ്ടല്ലെ അന്തകന്റെ കഠിനമായ മാറിടത്തെ വാതിലിനെയെന്നപോലെ ചവിട്ടിപ്പൊളിച്ചത് ? അവ ഏറ്റവും മൃദുലമാണല്ലോ എന്നാണ് ഞാന്‍ വിചാരിക്കുന്നത്. അല്ലേ സര്‍വ്വവ്യാപി‍ന്‍! ആ ചരണകമലങ്ങളെ എനിക്ക് കനിവാര്‍ന്നു ഒന്നു കാണിച്ചുതന്നലും ഞാന്‍ അവയെ വേദന തീരുമാറ് കൈകൊണ്ട് തലോടിക്കൊള്ളട്ടെ.

ഏഷ്യത്യേഷ ജനിം മനോഽസ്യ കഠിനം തസ്മിന്നടാനീതി മ-
ദ്രക്ഷായൈ ഗിരിസീമ്നി കോമലപദന്യാസഃ പുരാഽഭ്യാസിതഃ |
നോചേദ്ദിവ്യഗൃഹാന്തരേഷു സുമനസ്തല്പേഷു വേദ്യാദിഷു
പ്രായഃ സത്സു ശിലാതലേഷു നടനം ശംഭോ കിമര്ഥം തവ || 80 ||

ശംഭോ! ഏഷഃ – മംഗളപ്രദ! ഇവന്‍; ജനിം ഏഷ്യതി -ജനിക്കും; അസ്യ മനഃ – കഠിനം ഇവന്റെ മനസ്സ് കഠിനമായതാണ്; തസ്മിന്‍ നടാനി – അതില്‍ നടനം ചെയ്യ‍ാം; ഇതി – എന്ന് വിചാരിച്ചിട്ടാണോ; മദ്രക്ഷായൈ – എന്റെ രക്ഷക്കായ്ക്കൊണ്ട്; ഗിരിസീമ്നി പുരാ – പര്‍വ്വതപ്രദേശത്തി‍ല്‍ പണ്ടുതന്നെ; കോമളപദന്യാസഃ – കോമളങ്ങളായ കാല്‍വെപ്പുക‍ള്‍; അഭ്യാസിതഃ – പരിശീലിക്കപ്പെട്ടത്; നോ ചേത് – അല്ലെങ്കി‍ല്‍; ദിവ്യഗൃഹാന്തരേഷു – ഭംഗിയേറിയ ഗൃഹാന്തര്‍ഭാഗങ്ങളും; സുമനസ്തല്പേഷു – പൂമെത്തകളും; വേദ്യാദിഷു – മണിത്തര മുതലായവയും; പ്രായഃ സത് സു – മിക്കസ്ഥലങ്ങളിലും ഉണ്ടായിരുന്നിട്ടും; ശിലാതലേഷു – പാറപ്പുറത്ത്; തവ നടനം കിമര്‍ത്ഥം? – നിന്തിരുവടിക്കു നൃത്തമെന്തിന്ന് ?

ഹേ മംഗളപ്രദ! ഈ ഞാന്‍ ജനിക്കുമെന്നും എന്റെ ഹൃദയം കഠിനമായിരിക്കുമെന്നും അതില്‍ ഭവാന്നു നടനം ചെയ്യേണ്ടിവരുമെന്നും നിന്തിരുവടി എന്റെ ജനനത്തിന്നു മുമ്പുതന്നെ തീര്‍ച്ചപ്പെടുത്തിയിട്ടാണല്ലോ എന്നെ അനുഗ്രഹിപ്പാന്‍ വേണ്ടി ഈ കഠിനമായ പര്‍വ്വതപ്രദേശത്ത് കോമളവും മൃദുവുമായിരിക്കുന്നു കാലുകള്‍ കൊണ്ടു നടന്നു പരിചയിച്ചത്. അല്ലെങ്കില്‍ ഇത്ര വളരെ ഭംഗിയാര്‍ന്ന ഭവനങ്ങളും പുതുമല‍ര്‍ നിറഞ്ഞ പൂമെത്തകളും മനോഹരങ്ങളായ മണിത്തറകളും മിക്കസ്ഥലങ്ങളിലും ഭവാന്ന് സ്വാധീനമായി ഉണ്ടായിരിക്കെ അങ്ങയ്ക്ക് ഈ പാറപ്പുറത്തുള്ള നൃത്തം എന്തിന് ?

ശ്രീശങ്കരാചാര്യരുടെ ശിവാനന്ദലഹരിയില്‍ നിന്നും (PDF).