കഞ്ചിത്കാലമുമാമഹേശ ഭവതഃ പാദാരവിന്ദാര്‍ച്ചനൈഃ
കഞ്ചിദ്ധ്യാനസമാധിഭിശ്ച നതിഭിഃ കംചിത്കഥാകര്‍ണ്ണനൈഃ |
കഞ്ചിത് കഞ്ചിത് കഞ്ചിദവേക്ഷനൈശ്ച നുതിഭിഃ കഞ്ചിദ്ദശാമീദൃശീം
യഃ പ്രാപ്നോതി മുദാ ത്വദര്‍പ്പിതമനാ ജീവന്‍ സ മുക്തഃ ഖലു || 81 ||
ഉമാമഹേശ! – ഉമാസഹിതനായ ഈശ!; കഞ്ചിത് കാലം ഭവതഃ – കുറെ സമയം നിന്തിരുവടിയുടെ; പാദാരവിന്ദാര്‍ച്ചനൈഃ – പൊല്‍ത്താരടികളുടെ പൂജകൊണ്ടും; കഞ്ചിത് – കുറെ സമയം; ധ്യാനസമാധിഭിഃ ച – ധ്യാനനിഷ്ഠകളെകൊണ്ടും; കഞ്ചിത് നതിഭിഃ – അല്പസമയം നമസ്കാരങ്ങളെക്കൊണ്ടും; കഞ്ചിത് – കുറെ സമയം; അവേക്ഷണൈഃ ച – ദര്‍ശനംകൊണ്ടും; കഞ്ചിത് നുതിഭിഃ – കുറെ സമയം സ്തുതികള്‍കൊണ്ടും; കഞ്ചിത് – കുറെക്കാലം; ഈദൃശീം ദശാം – ഇപ്രകാരമുള്ള ദിനചര്‍യ്യയെ; യഃ മുദാ – ആരാണോ സന്തോഷത്തോടെ; ത്വദര്‍പ്പിതമനാഃ – അങ്ങയില്‍ അര്‍പ്പിച്ച ഹൃദയത്തോടെ; പ്രാപ്നോതി – പ്രാപിക്കുന്നതു; സഃ ഖലു ജീവമുക്തഃ – അവന്‍തന്നെയാണ് ജീവന്മുക്തന്‍ .
ഹേ സാംബമൂര്‍ത്തേ! യാതൊരുവന്‍ അങ്ങയിലര്‍പ്പിച്ച ഹൃദയത്തോടെ അങ്ങയുടെ തൃപ്പാദപൂജ, ധ്യാനം, നമസ്കാരം, കഥാ ശ്രവണം, ദര്‍ശനം, കീര്‍ത്തനം എന്നീ നിയമപൂര്‍വ്വകമായ ദീനചര്‍യ്യയെ സന്തോഷത്തോടെ അനുഷ്ഠിക്കുന്നുവോ, അവന്‍തന്നെയാണ് ജീവന്മുക്തന്‍ .
ബാണത്വം വൃഷഭത്വമര്‍ദ്ധവപുഷാ ഭാര്യാത്വമാര്‍യ്യാപതേ
ഘോണിത്വം സഖിതാ മൃദംഗവഹതാ ചേത്യാദി രൂപം ദധൌ |
ത്വത്പാദേ നയനാര്‍പ്പണം ച കൃതവാന്‍ ത്വദ്ദേഹഭാഗോ ഹരിഃ
പൂജ്യാത്പൂജ്യതരഃ സ ഏവ ഹി ന ചേത് കോ വാ തദാന്യോഽധികഃ | 82 ||
ആര്‍യ്യപതേ! – പാര്‍വ്വതീപതേ!; ഹരിഃ ഹി – വിഷ്ണുഭഗവാന്‍ യാതൊന്നു ഹേതുവായിട്ട്; ബാണത്വം – വൃഷഭത്വം (നിന്തിരുവടിയുടെ) ബാണമെന്ന അവസ്ഥയേയും; അര്‍ദ്ധവപുഷാ – പകുതി ശരീരത്താല്‍; ഭാര്‍യ്യാത്വം – പത്നിയെന്ന അവസ്ഥയേയും; ഘോണിത്വം – പന്നിയായിരിക്കുക എന്ന അവസ്ഥയേയും; സഖിതാ – സഖിയുടെ ഭാവത്തേയും; മൃദംഗവഹാതാച – മൃദംഗം ചുമക്കുന്നവന്റെ അവസ്ഥയേയും; ഇത്യാദി – എന്നിങ്ങിനെയുള്ള; രൂപം ദധൗ ച – രൂപത്തേയും ധരിച്ചുവോ എന്നല്ല; ത്വദ്പാദേ – നിന്തിരുവടിയുടെ കാലടികളില്‍ ; നയനാര്‍പ്പണംകൃതവാന്‍ – കണ്ണുകളേയും അര്‍പ്പിച്ചുവോ; ത്വദ്ദേഹഭാഗഃ സഃ ഏവ ഹി – നിന്തിരുവടിയുടെ ശരീരാര്‍ദ്ധത്തോടുകൂടിയവനായ അദ്ദേഹംതന്നെ; പൂജ്യാത് – പൂജിക്കത്തക്കവരിലുംവെച്ച്; പൂജ്യതരഃ – ഏറ്റവും പൂജിക്കപ്പെ ടേണ്ടവനായി; ന ചേത് തദന്യഃ – ഭവിക്കുന്നില്ലെങ്കില്‍ അദ്ദേഹത്തേക്കാള്‍; അധികഃ കഃ വാ പ്രശസ്തനായവന്‍ – ആര്‍തന്നെയാണ് ?
ഹേ ഉമാവല്ലഭ! ശ്രീമഹാവിഷ്ണു മുപ്പുരങ്ങളേയും ചുട്ടെരിച്ച നിന്തിരുവടിയുടെ ശരഭാവത്തെ കൈക്കൊണ്ടു; നിന്തിരുവടിയുടെ വാഹനമായ വൃഷഭമായി ചമഞ്ഞു; അങ്ങയുടെ ശരീരാര്‍ദ്ധമായി പത്നീഭാവത്തേയും, നിന്തിരുവടിയുടെ തൃപ്പാദങ്ങളെ കണ്ടെത്തുവാന്‍ വേണ്ടി വരാഹരൂപത്തേയും സ്വീകരിച്ചു; മോഹിനീരൂപത്തില്‍ സഖിയായി ക്രീഡിച്ചു; പ്രദോഷനൃത്തം ചെയ്യുന്ന അവസരത്തില്‍ മൃദംഗകൊട്ടുന്നവനായി; എന്നല്ല അങ്ങയുടെ പൊല്‍ത്താരടികളെ ഉള്ളം കുളിരുമാറ് ദര്‍ശിക്കുകയും ചെയ്തു. ഈ കാരണങ്ങള്‍കൊണ്ട് അദ്ദേഹമാണല്ലോ ഏറ്റവും പൂജനീയന്‍ ! അദ്ദേഹത്തേക്കാള്‍ ശ്രേഷ്ഠനായി വേറെ ആര്‍തന്നെയാണുള്ളത് ?
ജനനമൃതിയുതാനാം സേവയാ ദേവതാനാം
ന ഭവതി സുഖലേശഃ സംശയോ നാസ്തി തത്ര |
അജനിമമൃതരൂപം സാംബമീശം ഭജന്തേ
യ ഇഹ പരമസൌഖ്യം തേ ഹി ധന്യാ ലഭന്തേ || 83 ||
ജനനമൃതിയുതാനാം – ജനനവും മരണവുമുള്ളവരായ; ദേവതാനാം സേവയാ – മറ്റുള്ള ദേവന്മാരുടെ ഭജനംകൊണ്ട്; സുഖലേശഃ ന ഭവതി – സുഖമല്പമെങ്കിലും ഭവിക്കുന്നില്ല; തത്ര – ഇതില്‍ ; സംശയഃ ന അസ്തി – സംശയമേയില്ല; അജനിം – ജനനമില്ലാത്തവനും; അമൃതരൂപം – നാശമില്ലാത്തസ്വരൂപത്തോടുകൂടിയവനും; സാംബം ഈശം – അംബികാസമേതനുമായ ഈശ്വരനെ; ഇഹ യേ ഭജന്തേ – ഈ ജന്മത്തില്‍ യതൊരുവന്‍ ഭജിക്കുന്നുവോ; തേ ഹി ധന്യാഃ – അവര്‍തന്നെയാണ് ഭാഗ്യവാന്മാരായി; പരമസൗഖ്യം – ലഭന്തേ പരമാനന്ദത്തെ പ്രാപിക്കുന്നത്.
ജന്മനാശാദികളുള്ളവരായ അന്യദേവന്മാരെ ഭജിക്കുന്നതുകൊണ്ട് അല്പമെങ്കിലും സുഖം ലഭിക്കുകയില്ലെന്നത് തീര്‍ച്ചതന്നെ. ആദ്യന്തരഹിതനും അംബികാസമേതനുമായ ലോകേശ്വരനെ ആരൊരുവര്‍ ഈ ജന്മത്തില്‍ ഭജിക്കുന്നുവോ, അവന്‍തന്നെയാണ് അതിഭാഗ്യവാന്മാരായി ഉത്കൃഷ്ടമായ സൗഖ്യത്തെ അനുഭവിക്കുന്നത്.
ശിവ തവ പരിചര്യാസന്നിധാനായ ഗൌര്‍യ്യാ
ഭവ മമ ഗുണധുര്‍യ്യാം ബുദ്ധികന്യാം പ്രദാസ്യേ |
സകലഭുവനബന്ധോ സച്ചിദാനന്ദസിന്ധോ
സദയ ഹൃദയഗേഹേ സര്വദാ സംവസ ത്വം || 84 ||
ശിവ! – സര്‍വ്വമംഗളപ്രദനായി ഭവ! ജഗത്കാരണനായിരിക്കുന്നോവേ!; ഗൗര്‍യ്യാ തവ – പാര്‍വ്വതീദേവിയോടുകൂടിയ നിന്തിരുവടിക്കു; പരിചര്‍യ്യാസന്നിധാനായ – അടുത്തിരുന്നുപചരിക്കുന്നതിന്നായി; ഗുണധൂര്‍യ്യാം – സദ്ഗുണവതിയായ; മമ ബുദ്ധികന്യാം – എന്റെ ബുദ്ധിയാകുന്ന കന്യകയെ; പ്രദാസ്യേ – തന്നേയ്ക്കാം; സകലഭുവനബന്ധോ – ലോകങ്ങള്‍ക്കെല്ലാം ബന്ധുവായി; സച്ചിദാനന്ദസിന്ധോ – സത്, ചിത്, ആനന്ദം ഇവയ്ക്കിരിപ്പിടമായ; സദയ – കാരുണ്യശാലിയായിരിക്കുന്ന; ദേവ! ത്വം സര്‍വ്വദാ – നിന്തിരുവടി എല്ലായ്പോഴും; ഹൃദയഗേഹേ – എന്റെ ഹൃദയമാകുന്ന വസതിയില്‍ ; സംവസ – പാര്‍ത്തുകൊണ്ടാലും.
ഹേ സര്‍വമംഗളപ്രദനായ ലോകേശ! പാര്‍വ്വതീസമേതനായ ഭവാനെ അടുത്തിരുന്നു ഉപചരിക്കുന്നതിന്നായി ഗുണങ്ങളെല്ലാം തികഞ്ഞ എന്റെ ബുദ്ധിയായ കന്യകയെ ഞാന്‍ നല്‍കിക്കൊള്ളാം. ലോകബാന്ധവനും സച്ചിദാനന്ദസ്വരൂപിയായ ദയാനിധേ! ഭവാന്‍ എന്റെ മനോമന്ദിരത്തില്‍ വാസമുറപ്പിച്ചുകൊണ്ടാലും.
ജലധിമഥനദക്ഷോ നൈവ പാതാളഭേദീ
ന ച വനമൃഗയായാം നൈവ ലുബ്ധഃ പ്രവീണഃ |
അശനകുസുമഭൂഷാവസ്ത്രമുഖ്യാം സപര്യാം
കഥയ കഥമഹം തേ കല്പയാനീന്ദുമൌലേ || 85 ||
ഇന്ദുമൗലേ! – അഹം ചന്ദ്രചൂഡാ! ഞാന്‍ ; ജലധിമഥനദക്ഷഃ – സമുദ്രത്തെ കടയുന്നതില്‍ ; സമര്‍ത്ഥന്‍ ന ഏവ – അല്ലതന്നെ; പാതാളഭേദി ച ന – പാതാളത്തെ പിളര്‍ക്കുന്നതില്‍ ചതുരനുമല്ല; വനമൃഗയായാം – കാടുകളില്‍ വേട്ടയാടുന്നതില്‍; പ്രവീണഃ ലുബുധാഃ ന ഏവ – സമര്‍ത്ഥനായ കാട്ടാളനും അല്ല; തേ ആസനകുസുമ ഭൂഷാവസ്രമുഖ്യാം സപര്‍യ്യാം – നിന്തിരുവടിക്ക് ആഹാരം, പുഷ്പം, ആഭരണം, വസ്ത്രം, എന്നിവകൊണ്ടുള്ള പ്രധാനമായ പൂജയെ; കഥം കല്പയാമി – എങ്ങിനെയാണ് ചെയ്യേണ്ടതു?; കഥയ – അരുളിച്ചെയ്താലും.
ഹേ ചന്ദ്രപൂഡ! ഭവാന്റെ ആഹാരം വിഷം! തലയില്‍ ചൂടുന്നതു ചന്ദ്രന്‍ ; ഇവ രണ്ടും ലഭിപ്പാന്‍ ഒരു പാലാഴിമഥനം തന്നെ കഴിക്കേണം. ആഭരണം ഉരഗങ്ങള്‍ , അവയെ പാതളം ഭേദിച്ച് അവിടെനിന്നുതന്നെ കൊണ്ടുവരേണം. ഉടയാട പുലിത്തോല്‍ വനചരനായ വേടന്നു മാത്രമേ അത് ലഭിക്കുകയുള്ളു. ഇങ്ങിനെയിരിക്കെ സമുദ്രമഥനത്തിന്നോ, പാതാളഭേദനത്തിന്നോ, വേട്ടയാടുന്നതിന്നോ പാടവമില്ലാത്തവനായ ഞാന്‍ എന്തൊന്നിനെയാണ് അങ്ങയ്ക്കു നിവേദിച്ച് പൂജിക്കുന്നത് ? അരുളിച്ചെയ്താലും(എന്നു ഭക്തന്റെ ഇച്ഛാഭംഗം).
ശ്രീശങ്കരാചാര്യരുടെ ശിവാനന്ദലഹരിയില്‍ നിന്നും (PDF).