സൃഷ്ടിയെ അനുഭവിക്കുന്നത് (570)

ഒരുവന്‍ ഉറങ്ങാനായി കണ്ണടയ്ക്കുമ്പോള്‍ അവന്‍ പ്രവേശിക്കുന്ന അന്തര്‍ലോകം അവന്റെ തന്നെ ഉള്‍ക്കാഴ്ചയാണ്. അതുപോലെ അവന്‍ ഉണരുമ്പോള്‍ ആ കാഴ്ച ജാഗ്രദ് ലോകത്തിലേയ്ക്ക് ഉന്മുഖമാവുന്നു. സൃഷ്ടിയെ ഒരുവന്‍ അനുഭവിക്കുന്നത് സ്വയം അവന്റെ ഹൃദയത്തില്‍ ആ സൃഷ്ടിയ്ക്കുള്ളില്‍ പ്രവേശിക്കുമ്പോഴാണ്.

സൃഷ്ടിലീലകള്‍ (569)

നീയും ഞാനുമെല്ലാം അനവധി തവണ ആവര്‍ത്തിച്ചു ജനിച്ചിരിക്കുന്നു. എന്നാല്‍ അനന്തമായ പരമസത്യത്തിന്റെ ദൃഷ്ടിയില്‍ നീയോ ഞാനോ ഈ ലോകമോ ഒന്നും ഒരിക്കലും സൃഷ്ടിക്കപ്പെട്ടിട്ടേയില്ല. ഇതെല്ലാം ജലോപരിയുള്ള അലകള്‍ മാത്രം. അവയുടെ നിജസ്ഥിതികളും നാമരൂപാദികളും ഭ്രമാത്മകതയുടെ പരിണിതഫലമാണ്.

ജഗന്മായ (568)

പ്രകൃതി ഭഗവാനെ തൊടുന്നമാത്രയില്‍ അതതിന്റെ പ്രകൃതിഗുണം – ചടുല പ്രകൃതി- ഉപേക്ഷിക്കുന്നു. നദി സമുദ്രത്തിലെന്നപോലെ അവള്‍ ഭഗവാനില്‍ വിലയിക്കുന്നു. ഒരുവന്റെ നിഴല്‍ അവസാനിക്കുമ്പോള്‍ ആ നിഴല്‍ അവനിലേയ്ക്ക് വിലയിക്കുന്നു എന്ന് പറയുന്നതുപോലെ ചൈതന്യചലനം ബോധത്തിലേയ്ക്ക് മടങ്ങുന്നു. ഈ ചലനം തന്നെ ബോധത്തിലെ ധാരണമാത്രമായിരുന്നല്ലോ.

സൃഷ്ടിയും ബോധവും (567)

സൃഷ്ടികളും ജീവജാലങ്ങളും അവയെപ്പറ്റി അവബോധിക്കുന്നവരുടെ ഉള്ളില്‍ ബോധചൈതന്യത്തിന്റെ ഭാഗമായി നിലനില്‍ക്കുന്നു. എന്നാല്‍ അവയെപ്പറ്റി അറിവില്ലാത്തവര്‍ക്കവ അസത്താണ്. ഭൂതഭാവിവര്‍ത്തമാനകാലങ്ങളില്‍ ആത്മാവിലങ്കുരിക്കുന്ന, ധാരണകളും സ്വപ്നങ്ങളും എല്ലാം സത്യമാണ്; കാരണം ആത്മാവ് സത്യമാണല്ലോ!

മനസ്സിന്റെ പ്രകൃതി (566)

വായുവിലെ ചലനംകൊണ്ട് ആകാശത്തെ നാം അറിയുന്നു. അതുപോലെ ബോധത്തിലെ ചൈതന്യം സുവിദിതമാവുന്നത് ആ ബോധത്തില്‍ കര്‍മ്മങ്ങള്‍ പ്രകടമാവുമ്പോഴാണ്. എങ്കിലും ചലനവും കര്‍മ്മവുമൊന്നും ബോധത്തിന്റെ ‘ഗുണ’ങ്ങളായി കണക്കാക്കാന്‍ വയ്യ. കാരണം ബോധത്തിന് ഗുണങ്ങളോ നിയതസ്വഭാവങ്ങളോ ഇല്ല. ബോധം പ്രശാന്തവും ശുദ്ധവുമാണ്. വിവരണങ്ങള്‍ക്കതീതം. വാസ്തവത്തില്‍ ബോധത്തിലെ ചലനം എന്ന ധാരണ തന്നെ അജ്ഞാനമാണ്.

ഭ്രമാത്മകവിക്ഷേപങ്ങള്‍ (565)

ലോകചക്രം അവസാനിക്കുമ്പോള്‍ രുദ്രനായും ഭൈരവിയായും വിവരിക്കപ്പെട്ടതെല്ലാം ഭ്രമാത്മകവിക്ഷേപങ്ങളാണ്. ആ രൂപഭാവങ്ങളില്‍ അവരെ കണ്ടത് ഞാന്‍ മാത്രം. ബോധം മാത്രമാണ് നിലനില്‍ക്കുന്നത്. ഭൈരവനായോ മാറ്റ് ഏതെങ്കിലും രൂപമായോ ചിന്തിച്ചാല്‍ അതപ്രകാരമാവുന്നു. ഒരു വാക്കും അതിന്റെ പൊരുളും അറിവാകാന്‍ ബോധം കൂടിയേ തീരൂ. അത്തരം വസ്തുവിഷയസംബന്ധിയായ അറിവ് നിസ്തന്ദ്രമായി ഉപയോഗിച്ചുറപ്പിക്കുകമൂലം അവയും അവയെക്കുറിക്കുന്ന വാക്കുകളും ഉണ്മയാണെന്ന് തോന്നുകയാണ്.

അനന്തബോധം (564)

ഈ അനന്തബോധം തന്നെയാണ് ശിവനായും ഹരിയായും ബ്രഹ്മാവായും സൂര്യചന്ദ്രന്മാരായും, ഇന്ദ്രനായും വരുണനായും യമനായും കുബേരനായും അഗ്നിയായും വിരാജിക്കുന്നത്. പ്രബുദ്ധതയില്‍ എത്തിയവര്‍ നാനാത്വം കാണുന്നില്ല. അവര്‍ ഏകാത്മകമായ അനന്തബോധവുമായി താതാത്മ്യഭാവത്തിലാണെപ്പോഴും.

കാളിയുടെ നൃത്തം (563)

അവളുടെ ബോധത്തില്‍ സഹജമായ അറിവുകള്‍ ഉണ്ടായിരുന്നു. നിമിഷം തോറും അവളുടെ ചടുലചലനങ്ങള്‍ കൊണ്ട് വിശ്വങ്ങള്‍ സൃഷ്ടിക്കപ്പെടുകയും സംഹരിക്കപ്പെടുകയും ചെയ്തു. ഒരു ബാലനില്‍ അനുനിമിഷം മാറുന്ന ശ്രദ്ധയെന്നപോലെ അവള്‍ തന്റെ ലീല അനവരതം തുടര്‍ന്നു.

കാളി (562)

വിശ്വം മുഴുവനും നിസ്തന്ദ്രമായ ചലനം തുടരുന്നത് അവളുടെ നാടനത്തിനാലാണ്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ വിശ്വമാകെ നിലകൊള്ളുന്നത് അവളിലാണ്. വിശ്വം, ഒരുകണ്ണാടിയിലെന്നപോലെ അവളുടെ ദേഹത്തില്‍ പ്രതിഫലിക്കുകയാണ്. ഞാന്‍ നോക്കിക്കൊണ്ടിരിക്കെ വിശ്വങ്ങള്‍ അനേകം ഉണ്ടായി മറഞ്ഞ് വീണ്ടും ഉണ്ടായിക്കൊണ്ടിരുന്നു.

അനന്തബോധത്തിന്റെ സ്വപ്നനഗരമാണ് സൃഷ്ടി (561)

ബ്രഹ്മാണ്ഡം വീഴുന്നു എന്നോ വീഴുന്നില്ല എന്നോ എങ്ങനെ കരുതിയാലും അതിനെ താങ്ങി നിര്‍ത്താന്‍ മറ്റൊരു വസ്തുവുമില്ല. കാരണം ഈ വിശ്വമെന്ന ഭാവനയ്ക്ക് നിയതമായ യാതൊരു പരിമിതികളുമില്ല. രൂപമുണ്ടെന്ന് തോന്നിക്കുമെങ്കിലും വാസ്തവത്തില്‍ അതിന് രൂപമോ, ദേഹമോ, പദാര്‍ത്ഥ സംഘാതമോ ഇല്ല. ‘അത് വീഴുന്നു’, ‘അതിനെ പിടിക്കുന്നു’ എന്നൊക്കെ നാം പറയുമ്പോള്‍ എന്താണ് നാം അര്‍ത്ഥമാക്കുന്നത്? അനന്തതയില്‍ എന്തെന്തു ഭാവന ചെയ്യുന്നുവോ അതപ്രകാരം ഭവിക്കുന്നു, അത്രതന്നെ. അനന്തബോധത്തിന്റെ സ്വപ്നനഗരമാണ് സൃഷ്ടി!